
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ദീർഘകാല പരിഹാരം കണ്ടെത്താൻ ചെറു ആണവ വൈദ്യുത നിലയം സ്ഥാപിക്കുന്ന കാര്യം പരിഗണിച്ച് കേരള സർക്കാർ. അടുത്ത പഞ്ചവത്സര പദ്ധതിയുടെ രൂപരേഖയിൽ സ്മോൾ മോഡ്യുലാർ റിയാക്ടർ (എസ്എംആർ) സ്ഥാപിക്കാനുള്ള നിർദേശവും ഉൾപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ ന്യൂക്ലിയർ എനർജി മിഷന്റെ ഭാഗമായ പദ്ധതിയാണിത്. എന്നാൽ രാജ്യത്ത് ഇതുവരെ ഒരു ചെറു ആണവ വൈദ്യുത നിലയം പോലും പ്രവർത്തനം ആരംഭിച്ചിട്ടില്ല.
2025-ലെ കേന്ദ്ര ബജറ്റിലാണ് ന്യൂക്ലിയർ എനർജി മിഷന് കീഴിൽ ചെറു ആണവ നിലയങ്ങൾ സ്ഥാപിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ കേരളത്തിലും പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ബിജു പ്രഭാകർ കെഎസ്ഇബി ചെയർമാനായിരിക്കെ ആണവോർജ കോർപ്പറേഷനുമായി ഇതുസംബന്ധിച്ച് ചർച്ചകൾ നടന്നിരുന്നു. എന്നാൽ പദ്ധതിക്കെതിരെ വിമർശനങ്ങൾ ഉയർന്നതോടെ അന്നത്തെ നീക്കം മുന്നോട്ടുപോയില്ല.
ഇപ്പോൾ വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെയാണ് നിർദേശം വീണ്ടും സജീവമായിരിക്കുന്നത്. 2027–2032 കാലയളവിലേക്കുള്ള പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ആസൂത്രണ ബോർഡ് തയ്യാറാക്കിയ 'അപ്രോച്ച് പേപ്പറി'ലെ ഊർജമേഖലാ നിർദേശങ്ങളിലാണ് ചെറു ആണവ നിലയത്തെക്കുറിച്ച് പരാമർശമുള്ളത്. ദീർഘകാലത്തേക്ക് തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമായി ചൂണ്ടിക്കാട്ടുന്നത്.
സംസ്ഥാനത്തിന്റെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യവും ഉൽപാദന-വിതരണ രംഗത്തെ പ്രതിസന്ധികളും കണക്കിലെടുത്താണ് പുതിയ നീക്കം. നവംബർ അഞ്ചിന് ചേർന്ന ആസൂത്രണ ബോർഡ് യോഗം അപ്രോച്ച് പേപ്പറിന് അംഗീകാരം നൽകിയിരുന്നു. ഈ രേഖയുടെ അടിസ്ഥാനത്തിലായിരിക്കും അടുത്ത പഞ്ചവത്സര പദ്ധതിക്ക് രൂപം നൽകുക.
പദ്ധതി നടപ്പാക്കുന്നതിൽ നിർണായക അധികാരം കേന്ദ്രസർക്കാരിനാണെങ്കിലും സംസ്ഥാനത്തിനും വലിയ ഉത്തരവാദിത്വങ്ങളുണ്ട്. നിലയത്തിനാവശ്യമായ സ്ഥലം കണ്ടെത്തി ഏറ്റെടുത്ത് നൽകുക, പാരിസ്ഥിതികവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ വിലയിരുത്തുക, വൈദ്യുതി ഗ്രിഡ് സജ്ജമാക്കുക, സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുക തുടങ്ങിയ കാര്യങ്ങൾ സംസ്ഥാന സർക്കാരിന്റെ ചുമതലയിലായിരിക്കും.










